Tuesday, May 01, 2012

ഇരുണ്ടുകൂടുന്ന മേഘങ്ങള്‍ (കഥ)


മേടം പിറന്നു, പിന്നാലെ ഒരു സായാഹ്നം അപ്രതീക്ഷിതമായി പേമാരി തൂകി കടന്നുവന്നു. കാര്‍മേഘത്തിന്റെ നിഴ്ലില്പെട്ട സായാഹ്നത്തിനും കാര്‍നിറമായിരുന്നു. മടപൊട്ടി ഒഴുകുന്ന വെള്ളമപ്പാടെ മുണ്ടകന്‍ ചൂടി നില്‍കുന്ന ഏലയിലേക്കു പാഞ്ഞുകയറുകയാണ്‍. വെള്ളം പാഞ്ഞുകയറിയ വഴിയിലാകെ നെല്‍ചെടികള്‍ വീണുകിടന്ന് ഊര്‍ധ്വന്‍ വലിക്കുന്നു. തേവന്റെ നെഞ്ചകം തകര്‍ന്നു. അവന്‍ കൈയും മെയ്യും മറന്നു കൈക്കോട്ടുമായി പാഞ്ഞുനടന്നു പണിയെടുക്കുകയാണ്‍. അവന്റെ തൊപ്പിപാളയില്‍നിന്നും തെറ്റിതെറിക്കുന്ന വെള്ളത്തുള്ളികള്‍ കമ്പക്കെട്ടിലെ പൂമത്താപ്പുപോലെ എങ്ങും ചിതറിവീഴുന്നു അവന്റെ കൈക്കരുത്തിനും, മെയ്ക്കരുത്തിനും വെള്ളമൊഴുക്കു തടയാന്‍ കഴിയുന്നില്ല. മേഘമലകളില്‍നിന്നും അടര്‍ന്നുവീഴുന്ന ജലത്തുള്ളികള്‍ക്ക് അതിനേക്കാള്‍ കരുത്തുണ്ടായിരുന്നു. സര്‍വചരാചരങ്ങളെയും, ദേവിദേവാതികളെയും നൊന്തു വിളിച്ച് പെയ്തിറങ്ങുന്ന മഴയില്‍ അവന്‍ പണിയെടുത്തുകൊണ്ടേയിരുന്നു.
തണുപ്പകറ്റാന്‍ ഈ സമയം തമ്പ്രാനും തമ്പ്രാട്ടിയും വിലയേറിയ കംബളങ്ങള്‍ക്കടിയി,ല് പരസ്പരം പുണര്‍ന്നുകിടക്കുകയാവണം. തേവന്റെ കിടാത്തിയാകട്ടെ, വെള്ളം തുള്ളികുത്തുന്ന അടുപ്പില്‍ വാരിയിട്ട നെല്ലുമിയെരിച്ച്, ഉയരുന്ന പുകയില്‍ ചുമച്ചുചുമച്ചു അല്പാല്പം ലഭിക്കുന്ന ചൂടിനടുത്ത്, കുഞ്ഞിക്കിടാവിനെ ചേര്‍ത്തുപിടിച്ച് തണുപ്പകറ്റുവാനുള്ള ശ്രമത്തിലും. വെയിലും മഴയുമറിയാത്ത തേവന്‍, കുത്തിയൊലിക്കുന്ന ചാലിനരികെ, തമ്പ്രാന്റെ നെല്‍തൈകള്‍ കാത്തുസൂക്ഷിക്കുന്നു. തന്റെ കിടാവിനേക്കാള്‍ പ്രിയമായ നെല്‍ച്ചെടികള്‍. കിടാവും അതിനുശേഷം മാത്രം.
പ്രകൃതിയോടു മല്ലിട്ടു, തേവന്‍, തന്റെ കര്‍ത്തവ്യം ഏതാണ്ട് പൂര്‍ത്തിയാക്കി. മഴയുടെ താണ്ഡവം മെല്ലെയൊന്നടങ്ങവെ, വെള്ളത്തില്‍ മുങ്ങിയ ഏലയിലേക്ക് തേവനൊന്നു കണ്ണയച്ചു. നെല്‍ചെടികളെല്ലം, പകുതിയിലേറെ മുങ്ങിക്കിടക്കുന്നു. ഒരു രാത്രി ഇങ്ങിനെ കിടന്നാല്‍ അതു ചീഞ്ഞടിഞ്ഞേക്കാം. ഇന്നുതന്നെ കുറെയെങ്കിലും വറ്റിക്കേണ്ടിയിരിക്കുന്നു. ചാത്തനേക്കൂടി കൂട്ടു വിളിച്ചേ മതിയാവൂ. തേരും ചക്രവും ഉടനെ ഉറപ്പിക്കേണ്ടിയിരിക്കുന്നു (വെള്ളം വറ്റിക്കുവാനുപയോഗിക്കുന്ന ചക്രവും, അതു പ്രവര്‍തിപ്പിക്കുവാന്‍ ഉറപ്പിക്കുന്ന ഇരിപ്പിടവും).  കരയിലെ മരക്കൊമ്പില്‍ കൊത്തിവെച്ചിരുന്ന കൊടുവാളെടുത്ത് തേവന്‍ തൂണുകള്‍ തേടിപ്പോയി.
തേവന്റെ കിടാത്തി, ഒരു കൈതോലപ്പുട്ടി (പാടത്തു പണിയെടുത്തിരുന്ന പെണ്ണുങ്ങള്‍, മഴയില്‍നിന്നും രക്ഷനേടാന്‍, കൈതോലകൊണ്ട് നെയ്തുപയോഗിച്ചിരുന്നതാണിത്) തലയിലിട്ടു, തേവനേത്തേടി വരുകയായിരുന്നു. കാറ്റിലും മഴയിലും തേവനെക്കാണാതെ, അന്വേഷിച്ചിറങ്ങിയതണാവള്‍. ഏലയിലെങ്ങും തേവനെക്കാണാതെ പകച്ചുനിന്ന അവള്‍, തമ്പ്രാന്‍ അടുത്തുവന്നതറിഞ്ഞില്ല. അരക്കച്ച മാത്രമുടുത്ത്, മാറിടം നഗ്നമായ അവളുടെ മെയ്യഴക്, തമ്പ്രാനെ ഭ്രമിപ്പിച്ചു. തമ്പ്രാന്റെ ചുടുനിശ്വാസം പിന്‍പുറത്തെവിടെയോ തട്ടിയപ്പോള്‍, അവള്‍ ഞെട്ടിത്തിരിഞ്ഞു. ഇരുകൈകളാല്‍ മാറടച്ചുപിടിച്ച്, അവള്‍ ഞെട്ടി പിന്നൊക്കം മാറി. ഭ്രാന്തമായ പുഞ്ചിരിയോടെ, തമ്പ്രാന്‍, അപ്പോള്‍ അവളോട് കൂടുതലടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ദൂരെ, തേവന്റെ നിഴലനങ്ങുന്നതു കണ്ട്, തമ്പ്രാന്‍ അടങ്ങി. തേവന്റെ കണ്ണുകള്‍ ഒരുമാത്ര തീചീറ്റുന്നത് യാദൃശ്ചികമായെങ്കിലും തമ്പ്രാന്‍ കണ്ടു. പക്ഷെ തമ്പ്രാന്റെ മനസ്സില്‍, കിടാത്തിയുടെ സൌന്ദര്യം കത്തിയെരിഞ്ഞുകൊണ്ടിരുന്നു .
തേവനടുത്തെത്തി. തമ്പ്രാനെ കണ്ട മാത്രയില്‍, തൊപ്പിപാളയൂരി, അവന്‍ മുതുകല്പം വളച്ചു നിന്നു.
“എന്തായെടാ…”
“വെള്ളം ഇത്രി ജാസ്തിയാ തമ്പ്രാ..”
“എന്താ ചെയ്ക…?”
“അടിയേന്‍…ചക്രം വൈക്കാന്നു വിചാരിക്യ… ചാത്തനേക്കൂടി കൂട്ടാ...തമ്പ്രാ..”
“ആട്ടെ…. മടവരെ ഞാനും നടക്കാം..”
“ഓ..”
കയ്യില്‍ കൈക്കോട്ടെടുത്ത് അവന്‍ മടക്കു മുകളിലേക്കു ചാടിയിറങ്ങി.
മാടമ്പി തറവാട്ടിലെ തമ്പ്രാന്‍ അപ്പോള്‍ തമ്പ്രാനായി… കത്തിയെരിയുന്ന കാമത്വര…. അയാളിലെ മാടമ്പിത്തരമുണര്‍ത്തി….. തമ്പ്രാന്‍ മാടമ്പിയായി…. തേവന്‍ അയാളുടെ കീഴാളനായി… തമ്പ്രാന്റെ ബലിഷ്ടമായ കൈകള്‍, തേവനെ പിന്നില്‍നിന്നും ആഞ്ഞുതള്ളി….. അപ്രതീക്ഷമായ ആക്രമണത്തില്‍ തേവന്‍ മൂക്കുകുത്തി മടക്കുള്ളിലേക്കു മറിഞ്ഞു. തമ്പ്രാന്‍ മടയിലേക്കു ചാടിയിറങ്ങി, വലം കാലെടുത്ത് ചളിയില്‍ കിടക്കുന്ന തേവന്റെ കഴുത്തില്‍ തന്നെ ചവിട്ടിപ്പിടിച്ചു… ശക്തിയായി അമര്‍ത്തി…. അതിശക്തിയായി അമര്‍ത്തി…… തേവന്റെ ശരീരം താണിറങ്ങിയ ചേറില്‍നിന്നും സ്വാതന്ത്ര്യം കാത്തിരുന്ന ഓരായിരം കുമിളകള്‍ ബഹിര്‍ഗമിച്ചു. പുറത്തുവന്ന കുമിളകളില്‍ മുഴുവന്‍ തേവന്റെ കിടാത്തിയുടെ സൌന്ദര്യം തെളിഞ്ഞുനിന്നു…. കുമിളകള്‍ ഓരോന്നായി പൊട്ടിപൊട്ടി അവസാനിക്കവെ തേവനുറങ്ങി….
രാത്രിയുടെ ഏതോ യാമത്തില്‍….. കിടാത്തിയെ പുണര്‍ന്നുറങ്ങിയ തമ്പ്രാന്റെ കുടല്‍മാലയില്‍ കിടാത്തിയുടെ കൊയ്ത്തരിവാള്‍ ചിത്രം വരച്ചു. മഴയില്‍ ചോര്‍ന്നു നനഞ്ഞ കുടിലിന്റെ ഉത്തരത്തില്‍ കുടുക്കിയിട്ട ഒരു ചരടില്‍ കിടാത്തിയുടെയും അവളുടെ കുഞ്ഞികിടാവിന്റെയും ശരീരങ്ങള്‍ തൂങ്ങിക്കിടന്നു….. ആകാശക്കോണില്‍ മൂന്നു നക്ഷത്രങ്ങള്‍ ഒന്നിച്ചുനിന്ന് അല്പനേരം വിളങ്ങി… എന്നിട്ടവ അസ്തമിച്ചു….
നേരം പുലരവേ.. ഏലായിലെ നെല്‍ചെടികള്‍ പ്രാണവേദനയോടെ തേവനെ കാത്തുനിന്നു…..
(21-04-2012)
    


No comments: